2009, ഏപ്രിൽ 29, ബുധനാഴ്‌ച

പരസ്യചിത്രങ്ങള്‍

സിനിമയ്ക്കുള്ളിലെ പരസ്യങ്ങള്‍ ഇന്നൊരു പുതുമയല്ല. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലെ ആയിരം കണ്ണുമായ് എന്നു തുടങ്ങുന്ന പാട്ടിനിടയിലുള്ള ചെരിപ്പുകടയുടെ ബോര്‍ഡാണ് പഴയവയിലൊന്ന്. എന്നാല്‍ അടുത്തിടെയായി മുന്‍പെങ്ങുമില്ലാത്തവിധം ഇത്തരം പരസ്യങ്ങള്‍ കൂടിയിട്ടുണ്ട്. സിനിമാനിര്‍മ്മാണം വളരെയേറെ പണച്ചിലവുള്ള ഒരേര്‍പ്പാടാണെന്നതാവാം ഇത്തരം ചെറുസ്രോതസ്സുകളെ തേടാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നത്. കൂടാതെ പരസ്യദാതാക്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പരസ്യങ്ങള്‍ സിനിമകാണുന്നവരെല്ലാം കാണ്ടുവെന്നുറപ്പിക്കാനും ഇതിലൂടെ സാധിക്കും (റിമോട്ട്കണ്‍ട്രോളിന്റെ വരവോടെ പരസ്യങ്ങള്‍ വരുമ്പോഴേയ്ക്കും മറ്റു ചാനലുകള്‍ തേടുന്ന ഇക്കാലത്ത് സിനിമയ്ക്കുള്ളില്‍ അവിചാരിതമായി വരുന്ന പരസ്യങ്ങള്‍ മാറ്റാനാരും മുതിരില്ലല്ലോ).

ഇത്തരം പരസ്യങ്ങള്‍ രസകരമായ രീതിയിലാണ് പല ചിത്രങ്ങളിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിലപ്പോള്‍ കാറിന്റെ ഗ്ലാസിലൂടെ കാണുന്ന ഹോര്‍ഡിങ്ങായി, മറ്റുചിലപ്പോള്‍ നായകനോ നായികയോ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവായി, അവരുടെ അഭിപ്രായമായി പരസ്യങ്ങള്‍/ഉല്‍പ്പന്നങ്ങള്‍ കടന്നുവരുന്നു. നേരറിയാന്‍ സി.ബി.ഐ എന്ന സിനിമയില്‍ ഇങ്ങിനെയുളള നാലോ അഞ്ചോ പരസ്യങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് സേതുരാമയ്യര്‍(മമ്മൂട്ടി) ചാക്കോയ്ക്ക്(മുകേഷ്) കഴിക്കാന്‍ വച്ചുകൊടുക്കുന്നത് ടൈഗര്‍ ബിസ്ക്കറ്റാണ്. പിന്നീട് അയ്യര്‍ മറ്റൊരു പോലീസുകാരന് എ.വി.ടി. ടീബാഗുകള്‍ ഉപയോഗിച്ച് ചായ ഉണ്ടാക്കി നല്‍കുന്നുണ്ട്. ചായ ഇഷ്ടപ്പെട്ട പോലീസുകാരന്‍ അയ്യരുടെ പാചകനൈപുണ്യത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ അത് എന്റെ ഗുണമല്ല ചായപ്പൊടിയുടേതാണ് എന്ന് അദ്ദേഹം വിനയത്തോടെ അറിയിക്കുന്നു.
നേരിട്ടു ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാതെ അതുമായി ബന്ധപ്പെട്ട വ്യക്തികളെ കഥാഗതിയിലുള്‍പ്പെടുത്തിയും ചില പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. കസ്തൂരിമാന്‍ എന്ന സിനിമയില്‍ സാജന്‍ ആലുക്കായെ (കുഞ്ചാക്കോ ബോബന്‍)തേടിപ്പോകുന്ന പ്രിയംവദ(മീരാജാസ്മിന്‍) ജോയ് ആലുക്കാസിനെ കണ്ടുമുട്ടുന്നുണ്ട്. കിട്ടുന്ന സമയംകൊണ്ട് ആലുക്കാസിനെപ്പറ്റി നല്ല രണ്ടു വാക്കുപറയാന്‍ അദ്ദേഹം മടിക്കുന്നില്ല. അതുപോലെ മുന്‍പുപറഞ്ഞ സി.ബി.ഐ ചിത്രത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്യാണപട്ടാഭിരാമന്‍ സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിക്കുന്ന വിദഗ്ദനായി പ്രത്യക്ഷപ്പെടുന്നു.എന്നാല്‍ അടുത്തിറങ്ങിയ ടുഹരിഹര്‍നഗറാണ് ഒരു പുതിയ പരീക്ഷണത്തിനു തുടക്കമിട്ടത്. ഈ ചിത്രത്തില്‍ അറ്റലസ് ജ്വല്ലറി ഉടമ, കൊമേഡിയനായി മാറുന്നു. അദ്ദേഹത്തിന്റെ(അറ്റ്ലസ് രാമചന്ദ്രന്‍)പരസ്യവാചകം പറയുമ്പോളുള്ള ഉച്ചാരണശുദ്ധിയെ അപ്പുക്കുട്ടന്‍ (ജഗദീഷ്)കളിയാക്കുന്നുണ്ട്. പിന്നീടുള്ള സ്ലാപ്‍സ്റ്റിക്ക് തമാശരംഗങ്ങളില്‍ ദേഹമാസകലം ബാന്‍ഡേജുമായി നീങ്ങുന്ന രാമചന്ദ്രന്‍ പരസ്യവാചകങ്ങള്‍ നേരിട്ടുപറയുമ്പോളുള്ള വിരസതയുണ്ടാക്കുന്നില്ല.