2009, നവംബർ 12, വ്യാഴാഴ്‌ച

'പഴശ്ശിരാജ'യും ചിത്രകലയും - 1

പഴശ്ശിരാജ ചരിത്രത്തെ എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ച് ഒരുപാട് ലേഖനങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഈ സിനിമയിലെ കിയാരോസ്ക്യൂരോ (Chiaroscuro) ഇഫക്റ്റിലുള്ള ഷോട്ടുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ ഇവയാണ് ഈ സിനിമയിലെ പല സീനുകള്‍ക്കും ഓയില്‍ പെയിന്റിങ്ങുകളുടെ ദൃശ്യചാരുതയും പഴമയും നല്‍കിയത്.

ഇരുട്ടുവെളിച്ചവും എന്നാണ് കിയാരോസ്ക്യൂരോ എന്ന ഇറ്റാലിയന്‍ വാക്കിന് അര്‍ത്ഥം. ഫ്രെയിമില്‍ പ്രത്യക്ഷപ്പെടാത്തൊരു പ്രകാശസ്രോതസ്സില്‍ കഥാപാത്രങ്ങള്‍ ഭാഗികമായി മാത്രം പ്രകാശിതമാകുന്നൊരു ശൈലിയാണിത്. എന്നാല്‍ ചിലപ്പോള്‍ മെഴുകുതിരികളോ, വിളക്കുകളോ ഫ്രെയിമില്‍ പ്രത്യക്ഷപ്പെട്ടെന്നും വരാം. എന്തായാലും ഉപയോഗിക്കപ്പെടുന്ന ലൈറ്റുകളുടെ എണ്ണം കുറവായതിനാല്‍ ഉയര്‍ന്ന കോണ്‍ട്രാസ്റ്റാണ് ഫ്രെയിമില്‍ ഉണ്ടാവുക
ചിത്രകലയിലൂടെയാണ് ഈ രീതി ലോകപ്രസിദ്ധിയാര്‍ജ്ജിച്ചത്. ഇറ്റാലിയന്‍ പെയിന്ററായിരുന്ന കരവാജിയോ മൈക്കലാഞ്ജലോയും (1571-1610), ഡച്ച് പെയിന്ററായിരുന്ന റെംബ്രാന്റും (1606-1669) ഫ്ലെമിഷ് പെയിന്ററായിരുന്ന റൂബെസു (1577-1640)മെല്ലാം തങ്ങളുടെ ചിത്രങ്ങളില്‍ ഈ രീതി ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിയുടെ വരവോടെ ഇത് അവിടേയും പരീക്ഷിക്കപ്പെട്ടു. സ്റ്റുഡിയോ ഫോട്ടോഗ്രാഫിയില്‍ ഈ ഇഫക്റ്റ് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന പ്രകാശക്രമീകരണത്തെ റെംബ്രാന്റ് ലൈറ്റിംഗ് എന്നുംപറയാറുണ്ട്. പിന്നീടിത് സിനിമയിലും എത്തിച്ചേര്‍ന്നു. ഹോളിവുഡ് സിനിമയിലെ ഒരു വിഭാഗമായ(genre) ഫിലിം നോയറു(Film Noir)കളുടെ ഒരു സവിശേഷതകൂടിയാണ് കിയാരോസ്ക്യൂരോ ഇഫക്ട്. സിനിമകളില്‍, സാധാരണ ഉപയോഗിക്കാറുള്ള പ്രകാശക്രമീകരണ(Three-Point lighting)ത്തിനുപകരം ഒരു പ്രധാന ലൈറ്റും പിന്നെ ഫില്‍ ലൈറ്റോ ദര്‍പ്പണമോ ഉപയോഗിച്ചാണ് ഇതു ഉണ്ടാക്കിയെടുക്കുക. ലോ-കീ ലൈറ്റിങ്ങ് എന്നാണ് അവിടെ ഇത് പൊതുവേ അറിയപ്പെടുന്നത്.

ഇനി പഴശ്ശിരാജയിലേയ്ക്കു വരാം. സിനിമയുടെ കഥ നടക്കുന്ന കാലഘട്ടത്തില്‍ ഇന്നത്തേതു പോലുള്ള ദീപസംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നതുകൊണ്ടുതന്നെ ഇങ്ങിനെയൊരു പ്രകാശക്രമീകരണം ചിത്രത്തിനു നന്നായി ഇണങ്ങുന്നുണ്ട്. ഒരോ സീനിലും വെളിച്ചത്തിന്റെ സ്രോതസ്സുകള്‍ പന്തങ്ങളോ വിളക്കുകളോ ആണെന്നു ഓര്‍മ്മിപ്പിക്കാനും ഇത് ഉപകരിക്കുന്നു. ഇതുകൂടാതെ സീനുകളുടെയെല്ലാം കളര്‍ ഗ്രേഡിങ്ങ് എണ്ണച്ചായചിത്രങ്ങളില്‍ പരക്കെ ഉപയോഗിക്കുന്ന ബേണ്‍ സീനാ(Burnt sienna)യുടെ കൂട്ടുകളുമായി അടുത്തുനില്‍ക്കുന്നതുകൊണ്ടുതന്നെ പല ഫ്രെയിമുകളും ഛായാചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

4 അഭിപ്രായങ്ങൾ:

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...

പുതിയ അറിവ്..നന്ദി

Jayesh/ജയേഷ് പറഞ്ഞു...

cinemayile lightingine kurichu aarum onnum parayarilla..allenkil sradhikkarila...ithu nannayi..

the man to walk with പറഞ്ഞു...

nannayi..best wishes

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

ഇപ്പറഞ്ഞ ചിത്രകലയുടെ അറിവുകള്‍ വച്ചല്ലെങ്കിലും ആ സീനുകളുടെ ഭംഗി ശ്രദ്ധിച്ചിരുന്നു.ഇപ്പോ അതിനെ കുറിച്ച് വ്യക്തമാക്കിത്തന്നതിനും ഈ പുതിയ അറിവിനും നന്ദി.