2009, ജനുവരി 20, ചൊവ്വാഴ്ച

വെറുതെ ഒരു സിനിമ

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണല്ലോ അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ ശ്രമിക്കുന്നുവെന്നതുകൊണ്ട് താരതമ്യേന നല്ലൊരു ശതമാനം സ്ത്രീ പ്രേക്ഷകരെയും ഈ ചിത്രത്തിന് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഈ ചിത്രത്തെ മറ്റു പുരുഷകേന്ദ്രീകൃത മലയാള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമിക്കുമ്പോളാണ് ഈ ചിത്രവും പുതുമയുള്ളതല്ലെന്ന് വ്യക്തമാകുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍സ് മുതല്‍ തന്നെ തികച്ചും ശുഷ്കവും കപടവുമായൊരു വിമോചന സിദ്ധാന്തമാണ് ഇത് മുന്നോട്ടുവയ്ക്കുന്നതെന്നാണ് ഞാനിവിടെ പറയാനാഗ്രഹിക്കുന്നത്.

ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഓവര്‍സിയറായ സുഗുണന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ സിനിമയ്ക്ക് പ്രമേയം. അയാളാകട്ടെ പുരുഷമേധാവിത്വത്തില്‍ വിശ്വസിക്കുന്നവനും ഭാര്യയെ അവളുടെ വീട്ടുജോലികളില്‍ യാതൊരുവിധത്തിലും സഹായിക്കാത്തവനും ആണ്. നേരം പുലരുന്നതു മുതല്‍ അര്‍ദ്ധരാത്രിയാകുവോളം വീട്ടുജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിന്ദുവില്‍ (ഗോപിക)നിന്നാണ് ചിത്രം തുടങ്ങുന്നത്. എന്നാല്‍ എന്താണ് വീട്ടമ്മചെയ്യുന്നതെന്ന് അരണ്ടവെളിച്ചത്തിലുള്ള പ്രാരംഭ സ്വീക്വന്‍സില്‍ നിന്നും ഗണിച്ചെടുക്കുക പ്രയാസമായാണ് തീയേറ്ററിലിരുന്ന് ഈ സിനിമ കണ്ട എനിക്കനുഭവപ്പെട്ടത്. ചിത്രത്തിലുടനീളം സ്ത്രീകളുടെ പ്രയത്നത്തെ ഇതുപോലെ അവഗണിക്കുന്നതോ നിസ്സാരവത്കരിക്കുന്നതോ കാണാം.എന്നാല്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നുവെന്നതാണ് ഈ സിനിമ അവകാശപ്പെടുന്നത്. അതുകൂടാതെ രൂക്ഷവിമര്‍ശനത്തിന് വിധേയമാക്കേണ്ട ജയറാമിന്റെ സുഗുണന്‍ എന്ന കഥാപാത്രമാകട്ടെ ചിത്രത്തിന്റെ അവസാനം സഹതാപം പിടിച്ചുപറ്റുന്നതായും ന്യായീകരിക്കപ്പെടുന്നതായും കാണാന്‍ കഴിയും.

സ്വന്തം ഷര്‍ട്ടിന്റെ ബട്ടണിടാന്‍ പോലും ഭാര്യയുടെ സഹായം തേടുന്നവനാണു സുഗുണന്‍. അവളെ കേവലമൊരു വസ്തുവായി മാത്രം കണക്കാക്കുകയെന്നത് അയാളുടെ പ്രകൃതത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. അവളുടെ വികാരവിചാരങ്ങളെ ഒട്ടും മാനിക്കാതെ അവളെ തന്റെ ചൊല്‍പ്പടിക്കുനിറുത്താന്‍ അയാള്‍ തത്രപ്പെടുന്നു. അങ്ങിനെ രോഗിണിയായ സ്വന്തം അമ്മയെ കാണുവാനും സഹോദരന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കുവാനും അവന്‍ അവളെ അനുവദിക്കുന്നില്ല. ഈ അടിമത്തില്‍ നിന്നും രക്ഷനേടുവാനുള്ള അവളുടെ ശ്രമം കുടുംബത്തിന്റെ തകര്‍ച്ചയില്‍ കലാശിക്കുന്നു. മകളെക്കുറിച്ചുള്ള അച്ഛന്റ ആവലാതികള്‍ അയാളുടെ സമനില തെറ്റിക്കുന്നു. ഇവിടം മുതലാണ് കാര്യങ്ങള്‍ നായകനനുകൂലമാകുന്നത്. അതുവരെ അവന്റെ ക്രൂരതയില്‍ അവനോടു വെറുപ്പുള്ളവരായിത്തീര്‍ന്ന പ്രേക്ഷകര്‍ ഇപ്പോള്‍ അവന്റെ കഷ്ടതകളില്‍ അവനോട് സഹതാപമുള്ളവരായിത്തീരുന്നു. അവന്റെ ഈ അവസ്ഥയ്ക്കുകാരണം അവനെയും മകളെയും ഉപേക്ഷിച്ചു തന്റെ വീട്ടിലേയ്ക്കുപോയ ഭാര്യയാണെന്ന പുരുഷകഥാപാത്രങ്ങളുടെ ലളിത യുക്തിയില്‍ അവര്‍ വിശ്വസിക്കുന്നു. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും 'അഡ്ജസ്റ്റ് ' ചെയ്തു ജീവിക്കേണ്ടവളാണ് ഭാര്യയെന്നുവരെ ഈ ചിത്രം പറഞ്ഞുവയ്ക്കുന്നു. സുഗുണന്റെ അമ്മായിഅച്ഛനും (ഇന്നസെന്റ്) മനശാസ്ത്രജ്ഞനും (ഗണേശ്കുമാര്‍) കഥാഗതി തങ്ങള്‍ക്കനുവദിച്ചുതന്ന ആധികാരികതയെ മുതലാക്കിക്കൊണ്ട് പിതൃദായകവ്യവസ്ഥയുടെ മൂല്യങ്ങള്‍ പക്ഷപാതമില്ലാത്ത നീതിബോധത്തില്‍ നിന്നും ഉരുത്തിരിയുന്നതാണെന്ന വ്യാജ്യേന അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.

ഇവിടെ പരിഗണിക്കേണ്ട മറ്റൊരു വസ്തുത സ്ത്രീകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുവാന്‍ ശ്രമിക്കുന്ന ഈ ചിത്രം ഫെമിനിസ്റ്റുകളെ എപ്രകാരം ചിത്രീകരിക്കുന്നുവെന്നതാണ്. സോണാനായര്‍ അവതരിപ്പിക്കുന്ന കഥാപാത്രം പലപ്പോഴും ജനപ്രിയ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുളള ഫെമിനിസ്റ്റ് വാര്‍പ്പുമാതൃകകളില്‍ നിന്ന് ഒട്ടും വ്യത്യസ്തയല്ല. മാത്രമല്ല തന്റെ ഔദ്യോദിക കര്‍ത്തവ്യങ്ങള്‍ പാടെ മറന്നുകൊണ്ട് പുരുഷനെതിരെ കവലപ്രസംഗം നടത്തുന്നവരാണ് ഫെമിനിസ്റ്റുകള്‍ എന്ന ധാരണയും ഈ കഥാപാത്രം പരത്തുന്നു. സ്ത്രീകളുടെ പോരാട്ടമല്ല പുരുഷന്റെ മഹാമനസ്കതയാണ് സ്ത്രീവിമോചനം സാദ്ധ്യമാക്കുന്നതെന്നും ഈ ചിത്രം പറയാന്‍ ശ്രമിക്കുന്നു. യഥാര്‍ത്ഥത്തില്‍ ചിത്രത്തിലെ സമത്വരാഷ്ട്രീയം തുടങ്ങിയയിടത്തുതന്നെ നില്‍ക്കുന്നു. ചിത്രം അവസാനിക്കുമ്പോള്‍ സുഗുണന്‍ തന്റെ പത്രപാരായണമെന്ന 'ഭാരിച്ച' ജോലി ചെയ്യുന്നു. ബിന്ദു പണ്ടത്തേതുപോലെ അടുക്കളയില്‍ വീട്ടുപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒരേയൊരു വ്യത്യാസം മാത്രം: ഇപ്പോള്‍ അവള്‍ക്കു ജോലി ഭാരം ലഘൂകരിക്കുന്നതിനായി വാഷിംഗ് മെഷീനും മിക്സിയുമുണ്ട് !-- തീര്‍ച്ചയായും പിതൃകേന്ദ്രീകൃത വ്യവസ്തയ്ക്കു കീഴ്പ്പെട്ടതിനു കിട്ടിയ പാരിതോഷികം...


അഭിപ്രായങ്ങളൊന്നുമില്ല: