2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

റീടേക്ക്: ദ്രോണയും വിമത ലൈംഗികതയും


കുറെ കാലത്തിനുശേഷം ഞാന്‍ എന്തെങ്കിലും എഴുതുന്നത് ഇപ്പോഴാണ്. അത് ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ദില്ലിപോസ്റ്റില്‍ നിന്നും വായിക്കാം.
റീടേക്ക്: ദ്രോണയും വിമത ലൈംഗികതയും

2009, നവംബർ 18, ബുധനാഴ്‌ച

'പഴശ്ശിരാജ'യും ചരിത്രവും - 2



ജനപ്രിയ സിനിമകള്‍ യഥാര്‍ത്ഥ ചരിത്രം പറയാറില്ല. പറഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ അവ ജനപ്രിയങ്ങളാകില്ലായിരുന്നു. മാത്രമല്ല സിനിമയെടുപ്പിന്റെ ലക്ഷ്യം സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നതു കൂടിയാകുമ്പോള്‍ പിന്നെ ജനപ്രിയമാകാതെ തരമില്ലല്ലോ. അപ്പോള്‍ ഏതു പ്രസിദ്ധനായ എഴുത്തുകാരനെഴുതിയ തിരക്കഥയാണെങ്കിലും ചരിത്രത്തോട് നൂറുശതമാനവും നീതിപുലര്‍ത്തിയെന്ന് വരുകയില്ല.

വില്യം ലോഗന്റെ മലബാര്‍ മാന്വലിനെ, പഴയകാല ചരിത്രത്തിന്റെ പുനഃനിര്‍മ്മിതിക്കായി വളരെയേറെ ആശ്രയിച്ചിട്ടുള്ള പഴശ്ശിരാജയുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. മറ്റു പല സിനിമകളെയും അപേക്ഷിച്ച് ചരിത്രത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന ചിത്രമാണിതെന്നു പറയാമെങ്കിലും ഏറെ പ്രതീക്ഷയൊന്നും ഈ സിനിമയും നല്‍കുന്നില്ല. പല നിരൂപകരും സിനിമയിലെ ചരിത്ര നിര്‍മ്മിതിയുടെ പ്രശ്നങ്ങളിലേയ്ക്ക് വിരല്‍ചൂണ്ടിയിരുന്നെങ്കിലും അവയേക്കാളേറെ പ്രസക്തമായി തോന്നിയത് നിക്ക് ബാമറുടെ (Nick Balmer) മലബാര്‍ ഡേയ്സ് എന്ന ബ്ലോഗില്‍ 2006 മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ ചില പോസ്റ്റുകളാണ്. അടുത്തയിടെ പഴശ്ശിരാജ റീലീസായതിനുശേഷം റിവ്യൂകളിലുടെയും കേരളത്തിലുള്ള തന്റെ സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കിയതുവച്ച് ചിത്രത്തിലെ ചരിത്രചിത്രീകരണത്തെക്കുറിച്ച് പുതിയൊരു പോസ്റ്റു് ഇടുകയുമുണ്ടായി. ഏതാണ്ട് ഒരു ദശാബ്ദത്തോളം പഴശ്ശിരാജയെക്കുറിച്ച് പഠനം നടത്തിയ ബാമര്‍ , സബ് കലക്ടറായിരുന്ന തോമസ് ബേബറുടെ പിന്‍തലമുറക്കാരന്‍ കൂടിയാണ്.

ഇനി പൊതുവേ ആരും ശ്രദ്ധിക്കാതെപോയ ചില പ്രശ്നങ്ങളിലേയ്ക്കുവരാം.

പഴശ്ശിരാജയുടെ അന്ത്യത്തെക്കുറിച്ചുള്ള തോമസ് ബേബറുടെ ഒരു കത്ത് മലബാര്‍ മാന്വലില്‍ ലോഗന്‍ നല്‍കിയിട്ടുണ്ട്. അതില്‍ അന്ത്യം വിവരിക്കുന്നത് ഇപ്രകാരമാണ്:

Just at this time a firing was heard to the right; we accordingly returned, when we saw the sepoys and kolkars engaged with a fresh body of rebels, who proved to be of Coongan’s (Kungan’s) party, but who fled after a few shots had been fired at them and though pursued, were seen nothing more of. From one of the rebels of the first party to the left, whom I discovered concealed in the grass, I learnt that the Pyche Raja was amongst those whom we first observed on the banks of the Nulla, and it was only on my return from the pursuit that I learnt that the Raja was amongst the first who had fallen. It fell to the lot of one of my Cutcherry servants, Canara Menon, to arrest the flight of the Raja, which he did at the hazard of his life (the Raja having put his musket to his breast) and it is worthy of mention that this extraordinary personage, though in the moment of death, called out in the most dignified and commanding manner to the Menon, “Not to approach and defile his person.” Aralat Cootty Nambiar, the only one remaining of those rebels proscribed by Colonel Stevenson and a most faithful adherent of the Raja made a most desperate resistance, but at last fell overpowered by the superior skill of one of the parbutties (pravritti) in Wynad; four other followers of the Raja were also killed.(William Logan,Malabar Manual, Page.553)

സിനിമയില്‍ നിന്നും വ്യത്യസ്തതപുലര്‍ത്തുന്ന പല കാര്യങ്ങളും മുകളില്‍ ചേര്‍ത്തിരിക്കുന്ന ഭാഗത്തു കാണാം. എന്നാല്‍ അതിനേക്കാളേറെ ശ്രദ്ധയര്‍ഹിക്കുന്ന ഒരു പരാമര്‍ശം ഇതിലുണ്ട്. തന്റെ അടുത്തേയ്ക്കുവന്ന കരുണാകരമേനോനോട് 'അടുത്തുവന്ന് അശുദ്ധമാക്കരുതെന്നു' പഴശ്ശിരാജ പറയുന്നതാണിത്. എന്നാല്‍ കുറിച്യരേയും നായര്‍പടയാളികളേയുംകൂട്ടി യുദ്ധം ചെയ്തിരുന്ന പഴശ്ശിരാജ എന്തുകൊണ്ടാണിങ്ങനെ പറഞ്ഞിട്ടുണ്ടാവുക? സിനിമയില്‍ കാണുന്ന രീതിയിലാണെങ്കില്‍ ജാതി ഒരു വിഷയമേയല്ല. കാരണം എല്ലാവരോടും വളരെ സ്വതന്ത്രമായി ഇടപെടുന്ന പഴശ്ശിരാജയെയാണ് അവിടെ കാണുക. പക്ഷെ, ചരിത്രപരമായി നോക്കുമ്പോള്‍ അന്ന് ജാതിയുടെ പേരിലുള്ള വിവേചനം ഉണ്ടായിരിക്കാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്. എന്നാല്‍ സിനിമ ഈ കാര്യത്തില്‍ തികഞ്ഞ മൌനമാണ് പാലിക്കുന്നത്.
കൂടാതെ പഴശ്ശിരാജയുടെ ഭാര്യ പയ്യോര്‍മല നായരുടെ അനന്തിരവളാണെന്ന് ലോഗന്‍ ഈ പേജിനുതന്നെ അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. അങ്ങിനെ നോക്കുമ്പോള്‍ പഴശ്ശിരാജയ്ക്ക് തന്റെ ഭാര്യയോടും സഹായികളോടും ഉണ്ടായിരുന്ന ബന്ധം സിനിമയില്‍ ചിത്രീകരിച്ച പ്രകാരമായിരുന്നോ എന്നു തീര്‍ച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു.

പിന്നെങ്ങിനെയാണ് പഴശ്ശിരാജയ്ക്ക് കുറിച്യരെ കൂട്ടി യുദ്ധം ചെയ്യാനായത്? അവിടെയാണ് പനമരം കോട്ട ആക്രമിച്ചതിനെക്കുറിച്ചുള്ള ലോഗന്റെ വിവരണം സഹായത്തിനു വരുന്നത് :

Some five days previous to 11th October 1802 one of the proscribed rebel leaders, Edachenna Kungan, chanced to be present at the house of a Kurchiyan, when a belted peon came up and demanded some paddy from the Kurchiyan.Edachenna Kungan replied by killing the peon, and the Kurchiyars(a jungle tribe) in that neighbourhood, considering themselves thus compromised with the authorities, joined Edachenna Kungan under the leadership of one Talakal Chandu. This band, numbering about 150, joined by Edachenna Kungan and his two brothers, then laid their plans for attacking the military post at Panamaram....(539-40)

മുകളില്‍ പറഞ്ഞത് ചിത്രീകരിച്ചിട്ടുണ്ടെങ്കിലും കുറിച്യരോട് പഴശ്ശിരാജയും വളരെ അടുത്തിടപഴകിയിരുന്നതായാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്. തലക്കല്‍ ചന്തുവിനേയും നീലിയേയും (സ്ത്രീകള്‍ പഴശ്ശീരാജയുടെ യുദ്ധങ്ങളില്‍ പങ്കെടുത്തതിന് യാതൊരു തെളിവുമില്ലെന്ന ബാമറുടെ വാദം ഇവിടെ ഓര്‍ക്കുക) അടുത്തുവിളിച്ചാണ് സിനിമയിലെ രാജ കുശലാന്വേഷണത്തിനു മുതിരുന്നത്. എന്നാല്‍ കുങ്കന്റെ നേതൃത്യത്തിനു കീഴില്‍ കുറിച്യര്‍ സംഘടിച്ചുവെന്നതാണ് കൂടുതല്‍ വിശ്വസിനീയം. ഇനി അവര്‍ക്കിടയിലും അധികാരത്തോടുള്ള വിധേയത്വത്തില്‍ കവിഞ്ഞ ഒരു ബന്ധം ഉണ്ടായില്ലെന്നുവരാം!

2009, നവംബർ 12, വ്യാഴാഴ്‌ച

'പഴശ്ശിരാജ'യും ചിത്രകലയും - 1

പഴശ്ശിരാജ ചരിത്രത്തെ എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ച് ഒരുപാട് ലേഖനങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഈ സിനിമയിലെ കിയാരോസ്ക്യൂരോ (Chiaroscuro) ഇഫക്റ്റിലുള്ള ഷോട്ടുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ ഇവയാണ് ഈ സിനിമയിലെ പല സീനുകള്‍ക്കും ഓയില്‍ പെയിന്റിങ്ങുകളുടെ ദൃശ്യചാരുതയും പഴമയും നല്‍കിയത്.

ഇരുട്ടുവെളിച്ചവും എന്നാണ് കിയാരോസ്ക്യൂരോ എന്ന ഇറ്റാലിയന്‍ വാക്കിന് അര്‍ത്ഥം. ഫ്രെയിമില്‍ പ്രത്യക്ഷപ്പെടാത്തൊരു പ്രകാശസ്രോതസ്സില്‍ കഥാപാത്രങ്ങള്‍ ഭാഗികമായി മാത്രം പ്രകാശിതമാകുന്നൊരു ശൈലിയാണിത്. എന്നാല്‍ ചിലപ്പോള്‍ മെഴുകുതിരികളോ, വിളക്കുകളോ ഫ്രെയിമില്‍ പ്രത്യക്ഷപ്പെട്ടെന്നും വരാം. എന്തായാലും ഉപയോഗിക്കപ്പെടുന്ന ലൈറ്റുകളുടെ എണ്ണം കുറവായതിനാല്‍ ഉയര്‍ന്ന കോണ്‍ട്രാസ്റ്റാണ് ഫ്രെയിമില്‍ ഉണ്ടാവുക
ചിത്രകലയിലൂടെയാണ് ഈ രീതി ലോകപ്രസിദ്ധിയാര്‍ജ്ജിച്ചത്. ഇറ്റാലിയന്‍ പെയിന്ററായിരുന്ന കരവാജിയോ മൈക്കലാഞ്ജലോയും (1571-1610), ഡച്ച് പെയിന്ററായിരുന്ന റെംബ്രാന്റും (1606-1669) ഫ്ലെമിഷ് പെയിന്ററായിരുന്ന റൂബെസു (1577-1640)മെല്ലാം തങ്ങളുടെ ചിത്രങ്ങളില്‍ ഈ രീതി ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിയുടെ വരവോടെ ഇത് അവിടേയും പരീക്ഷിക്കപ്പെട്ടു. സ്റ്റുഡിയോ ഫോട്ടോഗ്രാഫിയില്‍ ഈ ഇഫക്റ്റ് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന പ്രകാശക്രമീകരണത്തെ റെംബ്രാന്റ് ലൈറ്റിംഗ് എന്നുംപറയാറുണ്ട്. പിന്നീടിത് സിനിമയിലും എത്തിച്ചേര്‍ന്നു. ഹോളിവുഡ് സിനിമയിലെ ഒരു വിഭാഗമായ(genre) ഫിലിം നോയറു(Film Noir)കളുടെ ഒരു സവിശേഷതകൂടിയാണ് കിയാരോസ്ക്യൂരോ ഇഫക്ട്. സിനിമകളില്‍, സാധാരണ ഉപയോഗിക്കാറുള്ള പ്രകാശക്രമീകരണ(Three-Point lighting)ത്തിനുപകരം ഒരു പ്രധാന ലൈറ്റും പിന്നെ ഫില്‍ ലൈറ്റോ ദര്‍പ്പണമോ ഉപയോഗിച്ചാണ് ഇതു ഉണ്ടാക്കിയെടുക്കുക. ലോ-കീ ലൈറ്റിങ്ങ് എന്നാണ് അവിടെ ഇത് പൊതുവേ അറിയപ്പെടുന്നത്.

ഇനി പഴശ്ശിരാജയിലേയ്ക്കു വരാം. സിനിമയുടെ കഥ നടക്കുന്ന കാലഘട്ടത്തില്‍ ഇന്നത്തേതു പോലുള്ള ദീപസംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നതുകൊണ്ടുതന്നെ ഇങ്ങിനെയൊരു പ്രകാശക്രമീകരണം ചിത്രത്തിനു നന്നായി ഇണങ്ങുന്നുണ്ട്. ഒരോ സീനിലും വെളിച്ചത്തിന്റെ സ്രോതസ്സുകള്‍ പന്തങ്ങളോ വിളക്കുകളോ ആണെന്നു ഓര്‍മ്മിപ്പിക്കാനും ഇത് ഉപകരിക്കുന്നു. ഇതുകൂടാതെ സീനുകളുടെയെല്ലാം കളര്‍ ഗ്രേഡിങ്ങ് എണ്ണച്ചായചിത്രങ്ങളില്‍ പരക്കെ ഉപയോഗിക്കുന്ന ബേണ്‍ സീനാ(Burnt sienna)യുടെ കൂട്ടുകളുമായി അടുത്തുനില്‍ക്കുന്നതുകൊണ്ടുതന്നെ പല ഫ്രെയിമുകളും ഛായാചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

2009, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

അയ്യേ... അപ്പി...

ഏതാണ്ട് അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് മിലോസ് ഫോര്‍മന്റെ അമദ്യൂസ് (1984) എന്ന ചിത്രം ഞാന്‍ കണ്ടത് ലോകസിനിമയിലുള്ള കമ്പത്തോടെന്നതിനേക്കാളുപരിയായി മൊസാര്‍ട്ട് എന്ന സംഗീതജ്ഞനോടുള്ള അരാധന മൂത്താണ്. പക്ഷെ സിനിമ കണ്ടുതുടങ്ങിയപ്പോള്‍ കോമാളിയെപ്പോലെ പെരുമാറുന്ന മൊസാര്‍ട്ട് എന്നെ തികച്ചും നിരാശപ്പെടുത്തിക്കളഞ്ഞു. പീറ്റര്‍ ഷാഫറുടെ നാടകത്തെ ആധാരമാക്കിയുള്ളതും എട്ട് ഓസ്ക്കാറുകള്‍ കരസ്ഥമാക്കിയിട്ടുള്ളതുമായ ഈ സിനിമ, അതുല്യനായ ആ സംഗീതജ്ഞനെ അവഹേളിക്കുന്നതായല്ലോ എന്ന ചിന്ത എന്നെ ശരിക്കും വേദനിപ്പിച്ചു. പോരാത്തതിന് ചില രംഗങ്ങളിലെ സംഭാഷണങ്ങളും അതിലെ പരാമര്‍ശങ്ങളും അറപ്പുളവാക്കുന്നതുമായിരുന്നു. മൊസാര്‍ട്ടും അദ്ദേഹത്തിന്റെ കാമുകിയായ കോണ്‍സ്റ്റന്‍സും തമ്മിലുളള പ്രണയരംഗം തന്നെ ഉദാഹരണമായെടുക്കാം. മറ്റൊരു സംഗീതജ്ഞനായ സലിയേരി അവിചാരിതമായി ഇതിനു ദൃക്സാക്ഷിയാകുന്നതായിട്ടാണ് സിനിമയില്‍ ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്.
ചോക്ളേറ്റുകള്‍ കട്ടെടുത്തു തിന്നാനായി ആര്‍ച്ചുബിഷപ്പിന്റെ തീന്‍മേശയുടെ അടുത്തെത്തിയ സലിയേരി, ഒരു പെണ്‍കുട്ടി (കോണ്‍സ്റ്റന്‍സ്) ഓടിവരുന്നതു കാണുമ്പോള്‍ അവളുടെ കണ്ണില്‍പ്പെടാതെ ഒളിച്ചുനില്‍ക്കുന്നു. അവളെ തിരഞ്ഞുവരുന്ന മൊസാര്‍ട്ട് അവള്‍ മേശക്കടിയിലുണ്ടെന്നു മനസ്സിലാക്കി അതിനടിയിലേയ്ക്ക് കയറുന്നു. അവരുടെ കളിചിരികള്‍ക്കിടയില്‍ താഴെ നല്‍കിയീരിക്കുന്ന സംഭാഷണത്തില്‍ അവര്‍ ഏര്‍പ്പെടുന്നു.
MOZART
Because here everything goes
backwards. People walk backwards,
dance backwards, sing backwards, and
talk backwards.

CONSTANZE
That's stupid.

MOZART
Why? People fart backwards.

പിന്നീട് താന്‍ പറയുന്ന പല വാചകങ്ങളും തിരിച്ചുചൊല്ലാന്‍ മൊസാര്‍ട്ട് അവളോട് ആവശ്യപ്പെടുന്നുണ്ട്. പല വാചകങ്ങളും തിരിച്ചുചൊല്ലുമ്പോള്‍ Kiss my ass, Eat my shit എന്നിങ്ങനെയുള്ള വാചകങ്ങളായാണ് അവ മാറുന്നത്. എന്തുകൊണ്ടാണ് ഇങ്ങിനെ തുടര്‍ച്ചയായി fart/shit/ass എന്നീ പദപ്രയോഗങ്ങളെന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൊസാര്‍ട്ടിന്റെ കാലത്ത് ഇതത്ര അപരിചിതമല്ലായിരുന്നുവെന്നും അദ്ദേഹം തന്നെ ബന്ധുക്കള്‍ക്ക് എഴുതിയ പല കത്തുകളിലും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്നും മനസ്സിലായത്. പോരാത്തതിന് Leck mich im Arsch (Lick me in the arse) എന്ന പേരില്‍ അദ്ദേഹത്തിന്റെ ഒരു സംഗീതശില്‍പ്പവും ഉണ്ടെത്രേ!
അത് ചരിത്രവസ്തുത, എന്നാല്‍ സാഹിത്യത്തിലും ഇങ്ങിനെയുള്ള പരാമര്‍ശങ്ങള്‍ വിരളമല്ല. ചീഞ്ഞുനാറുന്ന ഭരണവ്യവസ്ഥയെ പരിഹസിക്കാനായി ഒ. വി. വിജയന്‍ സുദീര്‍ഘമായ വിസര്‍ജജനവര്‍ണ്ണനകളെ ഒരു സങ്കേതമെന്നനിലയില്‍ ധര്‍മ്മപുരാണത്തില്‍ ഉപയോഗിച്ചിട്ടുള്ളതാണല്ലോ.
എന്നാല്‍ ഏറ്റവും പരിതാപകരമായി തോന്നുന്നത് പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിസര്‍ജ്യഭാഷണം നടത്തുന്നതാണ്. ടു ഹരിഹര്‍നഗര്‍ എന്ന സിനിമയില്‍ സലിംകുമാര്‍ സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യുന്ന ഒരാളായിവന്ന് ഇത്തരത്തിലുള്ള ഒരു കസര്‍ത്ത് നടത്തുന്നുണ്ട്. സലീംകുമാര്‍ അങ്ങോട്ട് ആവശ്യപ്പെട്ടുവാങ്ങിയ റോള്‍ ആണ് ഇതെന്നാണ് വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നത്. എന്നിട്ടും മറ്റു ലക്ഷ്യങ്ങളില്ലാതെ തമാശയ്ക്കുവേണ്ടി തമാശയുണ്ടാക്കാനല്ലാതെ അദ്ദേഹത്തിനു കഴിയുന്നുമില്ല. ഇവിടെ കഥാപാത്രത്തിന്റെ ജോലിയുടെ മാന്യതക്കുറവല്ല, മറിച്ച് വിസര്‍ജ്യഭാഷണം തന്നെ പ്രേക്ഷകര്‍ കൊതിക്കുന്നതാണെന്നമട്ടിലുള്ള ചിത്രീകരണമാണ് ആരോചകമായി തോന്നുന്നത്.

2009, ഏപ്രിൽ 29, ബുധനാഴ്‌ച

പരസ്യചിത്രങ്ങള്‍

സിനിമയ്ക്കുള്ളിലെ പരസ്യങ്ങള്‍ ഇന്നൊരു പുതുമയല്ല. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലെ ആയിരം കണ്ണുമായ് എന്നു തുടങ്ങുന്ന പാട്ടിനിടയിലുള്ള ചെരിപ്പുകടയുടെ ബോര്‍ഡാണ് പഴയവയിലൊന്ന്. എന്നാല്‍ അടുത്തിടെയായി മുന്‍പെങ്ങുമില്ലാത്തവിധം ഇത്തരം പരസ്യങ്ങള്‍ കൂടിയിട്ടുണ്ട്. സിനിമാനിര്‍മ്മാണം വളരെയേറെ പണച്ചിലവുള്ള ഒരേര്‍പ്പാടാണെന്നതാവാം ഇത്തരം ചെറുസ്രോതസ്സുകളെ തേടാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നത്. കൂടാതെ പരസ്യദാതാക്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പരസ്യങ്ങള്‍ സിനിമകാണുന്നവരെല്ലാം കാണ്ടുവെന്നുറപ്പിക്കാനും ഇതിലൂടെ സാധിക്കും (റിമോട്ട്കണ്‍ട്രോളിന്റെ വരവോടെ പരസ്യങ്ങള്‍ വരുമ്പോഴേയ്ക്കും മറ്റു ചാനലുകള്‍ തേടുന്ന ഇക്കാലത്ത് സിനിമയ്ക്കുള്ളില്‍ അവിചാരിതമായി വരുന്ന പരസ്യങ്ങള്‍ മാറ്റാനാരും മുതിരില്ലല്ലോ).

ഇത്തരം പരസ്യങ്ങള്‍ രസകരമായ രീതിയിലാണ് പല ചിത്രങ്ങളിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിലപ്പോള്‍ കാറിന്റെ ഗ്ലാസിലൂടെ കാണുന്ന ഹോര്‍ഡിങ്ങായി, മറ്റുചിലപ്പോള്‍ നായകനോ നായികയോ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവായി, അവരുടെ അഭിപ്രായമായി പരസ്യങ്ങള്‍/ഉല്‍പ്പന്നങ്ങള്‍ കടന്നുവരുന്നു. നേരറിയാന്‍ സി.ബി.ഐ എന്ന സിനിമയില്‍ ഇങ്ങിനെയുളള നാലോ അഞ്ചോ പരസ്യങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് സേതുരാമയ്യര്‍(മമ്മൂട്ടി) ചാക്കോയ്ക്ക്(മുകേഷ്) കഴിക്കാന്‍ വച്ചുകൊടുക്കുന്നത് ടൈഗര്‍ ബിസ്ക്കറ്റാണ്. പിന്നീട് അയ്യര്‍ മറ്റൊരു പോലീസുകാരന് എ.വി.ടി. ടീബാഗുകള്‍ ഉപയോഗിച്ച് ചായ ഉണ്ടാക്കി നല്‍കുന്നുണ്ട്. ചായ ഇഷ്ടപ്പെട്ട പോലീസുകാരന്‍ അയ്യരുടെ പാചകനൈപുണ്യത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ അത് എന്റെ ഗുണമല്ല ചായപ്പൊടിയുടേതാണ് എന്ന് അദ്ദേഹം വിനയത്തോടെ അറിയിക്കുന്നു.
നേരിട്ടു ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാതെ അതുമായി ബന്ധപ്പെട്ട വ്യക്തികളെ കഥാഗതിയിലുള്‍പ്പെടുത്തിയും ചില പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. കസ്തൂരിമാന്‍ എന്ന സിനിമയില്‍ സാജന്‍ ആലുക്കായെ (കുഞ്ചാക്കോ ബോബന്‍)തേടിപ്പോകുന്ന പ്രിയംവദ(മീരാജാസ്മിന്‍) ജോയ് ആലുക്കാസിനെ കണ്ടുമുട്ടുന്നുണ്ട്. കിട്ടുന്ന സമയംകൊണ്ട് ആലുക്കാസിനെപ്പറ്റി നല്ല രണ്ടു വാക്കുപറയാന്‍ അദ്ദേഹം മടിക്കുന്നില്ല. അതുപോലെ മുന്‍പുപറഞ്ഞ സി.ബി.ഐ ചിത്രത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്യാണപട്ടാഭിരാമന്‍ സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിക്കുന്ന വിദഗ്ദനായി പ്രത്യക്ഷപ്പെടുന്നു.എന്നാല്‍ അടുത്തിറങ്ങിയ ടുഹരിഹര്‍നഗറാണ് ഒരു പുതിയ പരീക്ഷണത്തിനു തുടക്കമിട്ടത്. ഈ ചിത്രത്തില്‍ അറ്റലസ് ജ്വല്ലറി ഉടമ, കൊമേഡിയനായി മാറുന്നു. അദ്ദേഹത്തിന്റെ(അറ്റ്ലസ് രാമചന്ദ്രന്‍)പരസ്യവാചകം പറയുമ്പോളുള്ള ഉച്ചാരണശുദ്ധിയെ അപ്പുക്കുട്ടന്‍ (ജഗദീഷ്)കളിയാക്കുന്നുണ്ട്. പിന്നീടുള്ള സ്ലാപ്‍സ്റ്റിക്ക് തമാശരംഗങ്ങളില്‍ ദേഹമാസകലം ബാന്‍ഡേജുമായി നീങ്ങുന്ന രാമചന്ദ്രന്‍ പരസ്യവാചകങ്ങള്‍ നേരിട്ടുപറയുമ്പോളുള്ള വിരസതയുണ്ടാക്കുന്നില്ല.

2009, ജനുവരി 31, ശനിയാഴ്‌ച

കഥ മറയുമ്പോള്‍


ശ്രീനിവാസന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ കഥപറയുമ്പോള്‍ എന്ന ജനപ്രിയ ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചും അതിലെ ജാതി പ്രതിനിധാനങ്ങളെക്കുറിച്ചും (Representations of Caste) ഏതാനും ചില നിരീക്ഷണങ്ങള്‍ നടത്തുകയാണിവിടെ.
ഈ ചിത്രത്തിലെ ജാതിപ്രതിനിധാനത്തെക്കുറിച്ചു പറയുമ്പോള്‍ ആദ്യം കണക്കിലെടുക്കേണ്ടത് ബാലനെന്ന ദളിത കഥാപാത്രത്തെത്തന്നെയാണ്. ചിത്രത്തിലെവിടെയും ബാലന്‍ 'മികച്ച' ക്ഷുരകനാണെന്നു പറയുന്നില്ല. മാത്രമല്ല ബാലന്റെ കഴിവുകേടുകളെയാണ് ഈ ചിത്രം വരച്ചുകാട്ടുന്നത്. ഒരു കത്രികയോ കസേരയോ വാങ്ങുവാന്‍ പോലും കാശില്ലാത്തയാളാണയാള്‍ എന്നതില്‍ തെല്ല് അതിശയോക്തിയുണ്ടെന്നുതോന്നുന്നതും സ്വാഭാവികമാണ്. ബാലന്‍ ഈ ചിത്രത്തിലെ നായക കഥാപാത്രമാക്കപ്പെടുന്നത് അശോക് രാജ് എന്ന താരാധികാര സ്ഥാനവുമായുള്ള മുന്‍പരിചയമൊന്നുകൊണ്ടുമാത്രമാണ്. പട്ടിണിയുടെ ഒരു ഭൂതകാലം താരത്തിനുണ്ടെങ്കിലും താരത്തിന്റെ ജാതിയെക്കുറിച്ച് കൃത്യമായ സൂചനകളില്ല. ജനപ്രിയ സിനിമകളിലെ പതിവുരീതികളനുസരിച്ച് വെളുത്തതൊലിനിറം സവര്‍ണത്വത്തെക്കുറിക്കാനാണ് ഉപയോഗിക്കാറ്. അങ്ങിനെ നോക്കുമ്പോള്‍ അശോക് രാജ് സവര്‍ണന്‍ തന്നെയാണ്. മാത്രമല്ല ഒരുപാടു ബ്രാഹ്മണ/നായര്‍ കഥാപാത്രങ്ങളെ (ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, അയ്യര്‍ ദി ഗ്രേറ്റ്, മേഘം, പട്ടാളം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം)അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടിയെത്തന്നെ ഇവിടെ താരമായി കൊണ്ടുവരുമ്പോള്‍ ഈ നിഗമനം ശരിയാകാനുള്ള സാദ്ധ്യതയും വര്‍ദ്ദിക്കുന്നു. അശോക് രാജുമായുള്ള മുന്‍സൌഹൃദം ബാലന്‍ പുതുക്കാത്തത് അദ്ദഹം 'പ്രശസ്തി ആഗ്രഹിക്കാത്തവനായതുകൊണ്ടല്ല മറിച്ച് അപകര്‍ഷതയുള്ളവനായതു കൊണ്ടാണ് ' എന്നുവരെ താരകഥാപാത്രത്തിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നല്ലഗുണങ്ങളെപ്പോലും ജാതിജന്യമായ ദുര്‍ഗുണമായി ചിത്രീകരിക്കുവാന്‍ ജനപ്രിയ സിനിമകള്‍ ശ്രമിക്കുന്നുവെന്നതാണ്. പ്രശസ്തനും ആഡ്യനുമായ സുഹൃത്ത് ദരിദ്രനും ദളിതനുമായതന്നെ അംഗീകരിക്കുമോയെന്ന ഭയമാണ് ബാലനെ ദരിദ്രനാക്കിയിതുവരെ നിറുത്തിയതെന്നാണ് ഈ സിനിമയുടെ പ്രേക്ഷകര്‍ അനുമാനിക്കുക. അതുപോലെത്തന്നെ താരകഥാപാത്രത്തിന്റെ നല്ല മനസ്സാണ് ബാലന്‍ തന്റെ സുഹൃത്താണെന്നു സദസ്സിനു മുന്‍പില്‍ സാക്ഷ്യപ്പെടുത്താന്‍ ഇടയാക്കുന്നത് (അങ്ങിനെ ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിനില്ലാതിരുന്നിട്ടു കൂടി). ചുരുക്കത്തില്‍ സവര്‍ണന്റെ മഹത്വവും ദളിതന്റെ കഴിവില്ലായ്മയും ആഘോഷിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്.
ബാലന്റെ ഭാര്യയായ ശ്രീദേവിയും(മീന)സസൂക്ഷ്മം വിലയിരുത്തപ്പെടേണ്ട കഥാപാത്രം തന്നെയാണ്. ദളിത നായകന്റെ സ'വര്‍ണ'യായ ഭാര്യയാണ് അവള്‍. അതിനു കാരണമായിപ്പറയുന്നത് പ്രണയത്തിന്റേയും ഒളിച്ചോട്ടത്തിന്റേയും പൂര്‍വ്വകാല ചരിത്രമാണ്. ദളിതയായ ഒരുവളെ നായികയാക്കുന്നതിനെക്കുറിച്ച് ജനപ്രിയ സിനിമകള്‍ക്ക് ഇതുവരെ ആലോചിക്കാന്‍പോലും കഴിഞ്ഞിട്ടില്ലെന്നുള്ളത് പൊതുവെ പരിഷ്കാരികളും വിദ്യാസമ്പന്നരും പുരോഗമനവാദികളുമെന്ന് അവകാശപ്പെടുന്ന മലയാളികളുടെ സൌന്ദര്യ സങ്കല്‍പ്പങ്ങളുടെ പക്ഷപാതിത്വത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്.

2009, ജനുവരി 20, ചൊവ്വാഴ്ച

വെറുതെ ഒരു സിനിമ

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണല്ലോ അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ ശ്രമിക്കുന്നുവെന്നതുകൊണ്ട് താരതമ്യേന നല്ലൊരു ശതമാനം സ്ത്രീ പ്രേക്ഷകരെയും ഈ ചിത്രത്തിന് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഈ ചിത്രത്തെ മറ്റു പുരുഷകേന്ദ്രീകൃത മലയാള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമിക്കുമ്പോളാണ് ഈ ചിത്രവും പുതുമയുള്ളതല്ലെന്ന് വ്യക്തമാകുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍സ് മുതല്‍ തന്നെ തികച്ചും ശുഷ്കവും കപടവുമായൊരു വിമോചന സിദ്ധാന്തമാണ് ഇത് മുന്നോട്ടുവയ്ക്കുന്നതെന്നാണ് ഞാനിവിടെ പറയാനാഗ്രഹിക്കുന്നത്.

ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഓവര്‍സിയറായ സുഗുണന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ സിനിമയ്ക്ക് പ്രമേയം. അയാളാകട്ടെ പുരുഷമേധാവിത്വത്തില്‍ വിശ്വസിക്കുന്നവനും ഭാര്യയെ അവളുടെ വീട്ടുജോലികളില്‍ യാതൊരുവിധത്തിലും സഹായിക്കാത്തവനും ആണ്. നേരം പുലരുന്നതു മുതല്‍ അര്‍ദ്ധരാത്രിയാകുവോളം വീട്ടുജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിന്ദുവില്‍ (ഗോപിക)നിന്നാണ് ചിത്രം തുടങ്ങുന്നത്. എന്നാല്‍ എന്താണ് വീട്ടമ്മചെയ്യുന്നതെന്ന് അരണ്ടവെളിച്ചത്തിലുള്ള പ്രാരംഭ സ്വീക്വന്‍സില്‍ നിന്നും ഗണിച്ചെടുക്കുക പ്രയാസമായാണ് തീയേറ്ററിലിരുന്ന് ഈ സിനിമ കണ്ട എനിക്കനുഭവപ്പെട്ടത്. ചിത്രത്തിലുടനീളം സ്ത്രീകളുടെ പ്രയത്നത്തെ ഇതുപോലെ അവഗണിക്കുന്നതോ നിസ്സാരവത്കരിക്കുന്നതോ കാണാം.എന്നാല്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നുവെന്നതാണ് ഈ സിനിമ അവകാശപ്പെടുന്നത്. അതുകൂടാതെ രൂക്ഷവിമര്‍ശനത്തിന് വിധേയമാക്കേണ്ട ജയറാമിന്റെ സുഗുണന്‍ എന്ന കഥാപാത്രമാകട്ടെ ചിത്രത്തിന്റെ അവസാനം സഹതാപം പിടിച്ചുപറ്റുന്നതായും ന്യായീകരിക്കപ്പെടുന്നതായും കാണാന്‍ കഴിയും.

സ്വന്തം ഷര്‍ട്ടിന്റെ ബട്ടണിടാന്‍ പോലും ഭാര്യയുടെ സഹായം തേടുന്നവനാണു സുഗുണന്‍. അവളെ കേവലമൊരു വസ്തുവായി മാത്രം കണക്കാക്കുകയെന്നത് അയാളുടെ പ്രകൃതത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. അവളുടെ വികാരവിചാരങ്ങളെ ഒട്ടും മാനിക്കാതെ അവളെ തന്റെ ചൊല്‍പ്പടിക്കുനിറുത്താന്‍ അയാള്‍ തത്രപ്പെടുന്നു. അങ്ങിനെ രോഗിണിയായ സ്വന്തം അമ്മയെ കാണുവാനും സഹോദരന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കുവാനും അവന്‍ അവളെ അനുവദിക്കുന്നില്ല. ഈ അടിമത്തില്‍ നിന്നും രക്ഷനേടുവാനുള്ള അവളുടെ ശ്രമം കുടുംബത്തിന്റെ തകര്‍ച്ചയില്‍ കലാശിക്കുന്നു. മകളെക്കുറിച്ചുള്ള അച്ഛന്റ ആവലാതികള്‍ അയാളുടെ സമനില തെറ്റിക്കുന്നു. ഇവിടം മുതലാണ് കാര്യങ്ങള്‍ നായകനനുകൂലമാകുന്നത്. അതുവരെ അവന്റെ ക്രൂരതയില്‍ അവനോടു വെറുപ്പുള്ളവരായിത്തീര്‍ന്ന പ്രേക്ഷകര്‍ ഇപ്പോള്‍ അവന്റെ കഷ്ടതകളില്‍ അവനോട് സഹതാപമുള്ളവരായിത്തീരുന്നു. അവന്റെ ഈ അവസ്ഥയ്ക്കുകാരണം അവനെയും മകളെയും ഉപേക്ഷിച്ചു തന്റെ വീട്ടിലേയ്ക്കുപോയ ഭാര്യയാണെന്ന പുരുഷകഥാപാത്രങ്ങളുടെ ലളിത യുക്തിയില്‍ അവര്‍ വിശ്വസിക്കുന്നു. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും 'അഡ്ജസ്റ്റ് ' ചെയ്തു ജീവിക്കേണ്ടവളാണ് ഭാര്യയെന്നുവരെ ഈ ചിത്രം പറഞ്ഞുവയ്ക്കുന്നു. സുഗുണന്റെ അമ്മായിഅച്ഛനും (ഇന്നസെന്റ്) മനശാസ്ത്രജ്ഞനും (ഗണേശ്കുമാര്‍) കഥാഗതി തങ്ങള്‍ക്കനുവദിച്ചുതന്ന ആധികാരികതയെ മുതലാക്കിക്കൊണ്ട് പിതൃദായകവ്യവസ്ഥയുടെ മൂല്യങ്ങള്‍ പക്ഷപാതമില്ലാത്ത നീതിബോധത്തില്‍ നിന്നും ഉരുത്തിരിയുന്നതാണെന്ന വ്യാജ്യേന അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.

ഇവിടെ പരിഗണിക്കേണ്ട മറ്റൊരു വസ്തുത സ്ത്രീകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുവാന്‍ ശ്രമിക്കുന്ന ഈ ചിത്രം ഫെമിനിസ്റ്റുകളെ എപ്രകാരം ചിത്രീകരിക്കുന്നുവെന്നതാണ്. സോണാനായര്‍ അവതരിപ്പിക്കുന്ന കഥാപാത്രം പലപ്പോഴും ജനപ്രിയ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുളള ഫെമിനിസ്റ്റ് വാര്‍പ്പുമാതൃകകളില്‍ നിന്ന് ഒട്ടും വ്യത്യസ്തയല്ല. മാത്രമല്ല തന്റെ ഔദ്യോദിക കര്‍ത്തവ്യങ്ങള്‍ പാടെ മറന്നുകൊണ്ട് പുരുഷനെതിരെ കവലപ്രസംഗം നടത്തുന്നവരാണ് ഫെമിനിസ്റ്റുകള്‍ എന്ന ധാരണയും ഈ കഥാപാത്രം പരത്തുന്നു. സ്ത്രീകളുടെ പോരാട്ടമല്ല പുരുഷന്റെ മഹാമനസ്കതയാണ് സ്ത്രീവിമോചനം സാദ്ധ്യമാക്കുന്നതെന്നും ഈ ചിത്രം പറയാന്‍ ശ്രമിക്കുന്നു. യഥാര്‍ത്ഥത്തില്‍ ചിത്രത്തിലെ സമത്വരാഷ്ട്രീയം തുടങ്ങിയയിടത്തുതന്നെ നില്‍ക്കുന്നു. ചിത്രം അവസാനിക്കുമ്പോള്‍ സുഗുണന്‍ തന്റെ പത്രപാരായണമെന്ന 'ഭാരിച്ച' ജോലി ചെയ്യുന്നു. ബിന്ദു പണ്ടത്തേതുപോലെ അടുക്കളയില്‍ വീട്ടുപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒരേയൊരു വ്യത്യാസം മാത്രം: ഇപ്പോള്‍ അവള്‍ക്കു ജോലി ഭാരം ലഘൂകരിക്കുന്നതിനായി വാഷിംഗ് മെഷീനും മിക്സിയുമുണ്ട് !-- തീര്‍ച്ചയായും പിതൃകേന്ദ്രീകൃത വ്യവസ്തയ്ക്കു കീഴ്പ്പെട്ടതിനു കിട്ടിയ പാരിതോഷികം...